മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായിരുന്ന വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ ആന്ധ്രാപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ മുറിയിലും കുളിമുറിയിലും രക്തക്കറകളുണ്ടെന്നും അതിനാൽ വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് എം.വി. കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസിൽ പരാതി നൽകി.
അദ്ദേഹത്തിന്‍റെ തലയിൽ രണ്ട് മുറിവുകളുണ്ട്. അതിനാൽ മരണത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റി കാര്യമായ അന്വേഷണം നടത്തണമെന്ന് വിവേകാനന്ദ റെഡ്ഡിയുടെ ബന്ധുവും അഭിഭാഷകനുമായ അവിനാശ് റെഡ്ഡി പറഞ്ഞു.
പുലിവെന്‍ഡുല പൊലീസ് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വിവേകാനന്ദിന്‍റെ മൃതദേഹം പോസ്റ്റമാർട്ടത്തിനായി പുലിവെന്‍ഡുല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം മാത്രമാണ് മരണത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.
1989ലും 1994ലും പുലിവെന്‍ഡുലയിൽ നിന്നും അദ്ദേഹം നിയമസഭയിലേക്കും 1999ലും 2004ലും ലോക്സഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2010-14 കാലയളവിൽ ആന്ധ്രാപ്രദേശ് കൃഷി മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.