അമരാവതി : ആന്ധ്രാപ്രദേശില്‍ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ 30ന് അധികാരത്തിലേറും. തിരുപ്പതിയിലാണ് സത്യപ്രതിജ്ഞ. 175 നിയമസഭ സീറ്റുകളില്‍ 151 സീറ്റും നേടി നിയമസഭയിലെ മൂന്നിൽ രണ്ട് ഭാഗവും സ്വന്തമാക്കിയാണ് ജഗൻ ആന്ധ്ര മുഖ്യമന്ത്രിയാകുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.
നിയമസഭയിൽ മാത്രമല്ല ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിലും ആന്ധ്രയിൽ ജഗൻ തരംഗം തന്നെയായിരുന്നു. 25 ലോക്സഭ സീറ്റിൽ 22 ഉം ജഗന്‍റെ വൈ എസ് ആർ കോൺഗ്രസ് നേടി. 2014ൽ ജഗന്‍റെ പാർട്ടിക്ക് ലോക്സഭയിൽ ഒമ്പതും, നിയമസഭയിൽ 67 സീറ്റും മാത്രമാണ് നേടാനായത്. എന്നാൽ അഞ്ചു വർഷങ്ങൾക്കിപ്പുറം ജഗൻ അതേ സംസ്ഥാനത്ത് മൂന്നിൽ രണ്ട് സീറ്റും നേടി മുഖ്യമന്ത്രിയാകുന്നു.
ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ച ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാർട്ടിക്ക് ലോക്സഭയിലും നിയമസഭയിലും ഒരു പോലെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നേടി എടുക്കാൻ സാധിക്കാഞ്ഞതും, സംസ്ഥാനത്തെ കർഷക, തൊഴിൽ മേഖലയിലെ പ്രശനങ്ങൾ രൂക്ഷമായതും ടിഡിപിക്ക് ജനപിന്തുണയിൽ കോട്ടം സംഭവിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ .