രാജോരി (ജമ്മു-കശ്‌മീര്‍): രാജോരി ജില്ലയിലെ ജനങ്ങള്‍ക്കാശ്വാസമായി ദര്‍ഹാലി നദിക്ക് കുറുകെ പുതിയ പാലം പണിതു. നദീതീരത്തുള്ള 20 ഗ്രാമങ്ങള്‍ക്കാണ് മേഘ എന്നുപേരിട്ട പാലം ഉപകാരപ്പെടുക. ഇതോടെ രാജോരിയിലെ ഗ്രാമവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് സഫലമായത്. മുമ്പ് ഗ്രാമവാസികള്‍ക്ക് മറുകരയിലെത്താൻ 20 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടിവന്നിരുന്നു. മഴക്കാലമായാല്‍ ഗ്രാമവാസികളായ വിദ്യാര്‍ഥികള്‍ക്ക് സ്‌ക്കൂളില്‍ പോകാൻ കഴിഞ്ഞിരുന്നില്ല.
പുതിയ പാലം വന്നതോടെ ക്ലാസുകള്‍ മുടങ്ങില്ലെന്ന സന്തോഷത്തിലാണ് പ്രദേശത്തെ വിദ്യാര്‍ഥികള്‍. കൃഷിയിടങ്ങളില്‍ പണിക്ക് പോകുന്ന കര്‍ഷകര്‍ക്കും പാലം ആശ്വാസമാകും. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് പാലം നിര്‍മിച്ചതെന്ന് ജില്ലാ വികസനകാര്യ കമ്മീഷൻ അറിയിച്ചു.