ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിൽ ഹിസ്ബുള്‍ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിങിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. 'ഷേർ ഇ കശ്‌മീർ' മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ആഭ്യന്തര വകുപ്പ് പ്രൻസിപ്പല്‍ സെക്രട്ടറി ഷലീൻ കബ്ര ഉത്തരവ് പുറത്തിറക്കി. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് ദേവീന്ദർ സിങ്ങിന്‍റെ പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്.
ജനുവരി 11നാണ് ഹിസ്ബുൾ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. 2018 ഓഗസ്റ്റ് 14നാണ് ദേവീന്ദർ സിങ്ങിന് 'ഷേർ ഇ കശ്‌മീർ' മെഡൽ നല്‍കി ആദരിച്ചത്. 2019 ലെ സ്വാതന്ത്ര്യദിനത്തിൽ ദേവീന്ദർ സിങ്ങിന് മെറിറ്റോറിയസ് സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ജമ്മു കശ്മീർ പൊലീസ് വാര്‍ത്ത നിഷേധിച്ചിരുന്നു.