ശ്രീനഗർ: സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ലംഘിച്ചതിന് വിവിധ സാമൂഹ്യ മാധ്യമ ഉപയോക്താക്കൾക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസെടുത്തു. സാമൂഹ്യ മാധ്യമങ്ങൾ വഴി വിഘടനവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദികളെയും മഹത്വവത്കരിക്കുകയും ചെയ്യുന്നവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി സാമൂഹ്യമാധ്യമ സൈറ്റുകൾ നിരോധിക്കുന്നതായി ജനുവരി 14ന് ഭരണകൂടം ഉത്തരവിട്ടിരുന്നു. അക്രമികൾ സോഷ്യൽ മീഡിയ സൈറ്റുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. സർക്കാർ വിജ്ഞാപനം നിലവിൽ വന്നതിനുശേഷം ശ്രീനഗറിലെ സൈബർ പോലീസ് സ്റ്റേഷനിൽ (കശ്മീർ സോൺ) രജിസ്റ്റർ ചെയ്ത ആദ്യ എഫ്ഐആർ ആണിത്.