ജമ്മു: ജമ്മു കശ്മീരിൽ എസ്എംഎസ് അധിഷ്ഠിത ടാക്സി അഗ്രിഗേറ്റർ സ്കീം (ടിഎഎസ്) നടപ്പാക്കും. ഒരു മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കണമെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ ലഫ്റ്റനന്‍റ് ഗവർണർ ജി.സി. മുർമു ഗതാഗത വകുപ്പിന് നിർദേശം നൽകി.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചന നടത്തണമെന്നും ലഫ്റ്റനന്‍റ് ഗവർണർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിലുള്ള ടാക്സി ഓപ്പറേറ്റർമാർക്കും തുല്യ അവസരം ലഭിക്കുന്നതിനാണ് ഇതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം, സുരക്ഷ, വാഹന പ്രൊഫൈൽ, ഡ്രൈവർമാരുടെ യോഗ്യതാപത്രങ്ങൾ, നിരക്കുകളുടെ നിയന്ത്രണം, സേവനങ്ങളുടെ ക്രമീകരണം, ലൈസൻസി നിരീക്ഷിക്കേണ്ട പൊതു വ്യവസ്ഥകൾ എന്നിവ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ചട്ടങ്ങൾ സ്കീമിന്‍റെ ഭാഗമായി രൂപീകരിക്കും.
ലൈസൻസുകൾ, വാഹനങ്ങൾ, ഡ്രൈവർമാർ, ഓപ്പറേറ്റർമാർ എന്നിവരുടെ എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന ഒരു ഡാറ്റാബേസ് തയ്യാറാക്കാൻ എൽജി ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ഡ്രൈവർമാരുടെയും ആരോഗ്യ പരിശോധന നിർബന്ധമാക്കുന്നതിന് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി. ജമ്മു കശ്മീരിൽ നിന്നുള്ള വിദഗ്ധരായ യുവാക്കൾ, സ്റ്റാർട്ടപ്പുകൾ, ഐടി പ്രൊഫഷണലുകൾ, ടാക്സി ഓപ്പറേറ്റർമാർ എന്നിവർക്ക് ടാക്സി അഗ്രിഗേറ്റർ പദ്ധതിയിൽ പങ്കെടുക്കാനുള്ള മികച്ച അവസരമാണ് വരാനിരിക്കുന്ന പദ്ധതിയെന്ന് എൽജി നിരീക്ഷിച്ചു.
അതേസമയം, പുതിയ സർക്കാർ വാഹനങ്ങളെല്ലാം എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമാണെന്ന് ഉറപ്പുവരുത്താനും സ്വകാര്യ വാണിജ്യ വാഹനങ്ങളുടെ മലിനീകരണ പരിശോധന ശക്തമാക്കാനും ലഫ്റ്റനന്റ് ഗവർണർ ഗതാഗത വകുപ്പിനോട് നിർദ്ദേശിച്ചു.