ശ്രീനഗർ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജമ്മു കശ്മീരിലെ ജനങ്ങളോട് അഭ്യർഥിച്ച് ലഫ്റ്റനന്‍റ് ഗവർണർ ഗിരീഷ് ചന്ദ്ര മർമു.
രണ്ട് മാസത്തെ ലോക്ക് ഡൗണിനുശേഷം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ കൊവിഡ് രോഗമുക്തി നിരക്ക് ഗണ്യമായി വർധിച്ചിരുന്നു എന്ന് വീഡിയോ സന്ദേശത്തിൽ ലഫ്റ്റനന്‍റ് ഗവർണർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പ്രദേശത്തെ സ്ഥിതി വഷളായിരിക്കുകയാണ്. കൊവിഡ് കേസുകൾ ഓരോ ദിവസവും അതിവേഗം ഉയരുകയാണെന്നും അദേഹം പറഞ്ഞു.
കൊവിഡ് 19 വ്യാപനം തടയുന്നതിന് ജനങ്ങൾ 'സാമൂഹിക അകലം' പാലിക്കേണ്ടത് ആവശ്യമാണ്. ഓരോരുത്തരും നിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും മർമു അഭ്യർഥിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തുക, രോഗികൾക്കായി ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുക തുടങ്ങിയ മാർഗങ്ങൾ കേന്ദ്ര ഭരണ പ്രദേശത്തെ ഭരണ കൂടം സ്വീകരിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.