ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാമ്പിൾ ശേഖരണവും ടെസ്റ്റിങ് സൗകര്യങ്ങളും വർധിപ്പിച്ചതായി ജമ്മു കശ്‌മീർ ഭരണകൂടം അറിയിച്ചു. പ്രതിദിനം 3000ത്തോളം സാമ്പിളുകൾ ശേഖരിക്കുമെന്നും 1,000ത്തിൽപരം കൊവിഡ് പരിശോധനകൾ നടത്തുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തൊഴിലാളികളും വിദ്യാർഥികളും തിരികെ വന്ന സാഹചര്യത്തിലാണ് ഈ നടപടി.
കോൺടാക്റ്റ് ട്രെയ്‌സിങ്, ക്വാറന്‍റൈൻ തുടങ്ങിയ നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവർ വീട്ടിലേക്ക് പോകുന്നതിന് മുൻപായി കർശനമായും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും പരിശോധനകൾ വർധിപ്പിക്കാനായി ജിഎംസി ജമ്മുവിലെ മൈക്രോബയോളജി വിഭാഗത്തിൽ ടെസ്റ്റിങ് ലാബ് ആരംഭിച്ചതായും വക്താവ് പറഞ്ഞു.