ന്യൂഡൽഹി: കേന്ദ്രസർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്‌സൈസ് തീരുവ യഥാക്രമം ലിറ്ററിന് 10 രൂപയും 13 രൂപയുമായി ഉയര്‍ത്തി. കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. കൊവിഡ് വൈറസ് പ്രതിസന്ധിക്കെതിരെ രാജ്യം മുഴുവൻ പോരാടുന്ന ഈ സമയത്ത് സർക്കാർ 130 കോടി ഇന്ത്യക്കാരിൽ നിന്ന് പെട്രോളിന്‍റെയും ഡീസലിന്‍റെയും നികുതി വർധിപ്പിച്ച് പണം തട്ടിയെടുക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
മാർച്ച് 14ന് പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ചു. പെട്രോളിയം കമ്പനികളുടെ ഓയിൽ ബാസ്‌ക്കറ്റ് ബാരലിന് 23.38 ഡോളറാണ് വില. നിലവിലെ വില ലിറ്ററിന് 11.14 ഡോളറാണ്. എന്നിട്ടും കേന്ദ്രം പെട്രോളിന് 71.26 രൂപയും ഡീസലിന് 69.39 രൂപയും ഈടാക്കുന്നു. അധികാരത്തിലിരുന്ന അഞ്ചര വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡീസൽ ലിറ്ററിന് 28.17 ഉം പെട്രോളിന് ലിറ്ററിന് 23.50 രൂപയും വർദ്ധിപ്പിച്ചു. ഇതിൽ ആരാണ് ലാഭം നേടുന്നതെന്ന് രൺദീപ് സിംഗ് സുർജേവാല ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി 12 തവണ വർദ്ധിപ്പിക്കുകയും 17 ലക്ഷം കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തു. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരും ഈ ആശങ്ക ഉന്നയിച്ചെന്ന് സുർജേവാല പറഞ്ഞു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇതിന്‍റെ 75-80 ശതമാനവും ഇന്ത്യയിലെ ജനങ്ങൾക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.