ഹൈദരാബാദ്: കശ്‌മീര്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് സംസാരിച്ചതിനെതിരെ എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ മാത്രം നിലനില്‍ക്കുന്ന പ്രശ്‌നം പ്രധാനമന്ത്രി, അമേരിക്കന്‍ പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിച്ചെന്ന് കേട്ടപ്പോള്‍ അതിശയത്തിനൊപ്പം വളരെയധികം വേദനയുമുണ്ടാക്കി. ഇത് രണ്ട് രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണ്. മൂന്നാമതൊരാള്‍ അതില്‍ ഇടപെടേണ്ട കാര്യമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രംപ് പൊലീസുകാരനോ ഏറ്റവും ശക്തനോ ആണോയെന്നും ഒവൈസി ചോദിച്ചു.
ജമ്മു കശ്‌മീർ വിഭജനത്തിനും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായി ട്രംപും മോദിയും ഫോണില്‍ സംസാരിച്ചിരുന്നു. പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് മോദി വ്യക്തമാക്കി. അരമണിക്കൂറാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.