ന്യൂഡൽഹി: വിമാനക്കമ്പനികൾ സർവീസ് നടത്തുന്ന റൂട്ടില്‍ 50 ശതമാനം കുറഞ്ഞ നിരക്കിൽ ഇനി തേജസ് ട്രെയിനിൽ യാത്ര ചെയ്യാം. ഇന്ത്യൻ റെയിൽവെ ആദ്യമായി അവതരിപ്പിച്ച അത്യാധുനിക സാങ്കേതിക വിദ്യകൾ അടങ്ങിയ പൂർണമായും ശീതീകരിച്ച സെമി ഹൈ സ്പീഡ് ട്രെയിനാണിത്. മികച്ച സജ്ജീകരണങ്ങളോട് കൂടിയ കോച്ചുകളാണ് ട്രെയിനിൽ ഉള്ളത്. എൽ ഇ ഡി ടെലിവിഷൻ, കോൾ ബട്ടൻ, ഓട്ടോമാറ്റിക്ക് ഡോർ, സിസിടിവി ക്യാമറ എന്നിവ ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്.
മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഒരു വിഭാഗത്തിനും തേജസ് ട്രെയിനില്‍ ഇളവില്ല. അഞ്ച് വയസ്സിൽ കൂടുതലുള്ള കുട്ടികൾക്കും ഫുൾ ടിക്കറ്റ് എടുക്കണം. യാത്രക്കാർക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് 50 ലക്ഷത്തിന്‍റെ ഇന്‍ഷ്വറൻസ് പരിരക്ഷയും ലഭിക്കും.
ഡൽഹി- ലക്നൗ തേജസ് ട്രെയിനുകൾ ഒക്ടോബറോടു കൂടി ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഹമ്മദാബാദ്- മുംബൈ സെന്‍ട്രൽ തേജസ് എക്‌സ്പ്രസ് നവംബറോടെയും സർവ്വീസ് ആരംഭിക്കും.
സർക്കാരിന്‍റെ 100 ദിന കർമ്മ പരിപാടിയിൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി റെയിൽവെയിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം കൊണ്ടുവരണം എന്ന നിർദേശം സമർപ്പിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് രണ്ട് തേജസ് ട്രെയിനുകളുടെ നടത്തിപ്പ് ഐആർസിടിസിക്ക് നൽകിയിട്ടുള്ളത്.