ന്യൂഡൽഹി: ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി റദ്ദാക്കി. സിങ്കു, ഗാസിപൂർ, ടിക്രി, മുകർബ ചൗക്ക്, നാംഗ്ലോയി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാത്രി 11:59 വരെ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡൽഹി പൊലീസിന്‍റെ വിശദീകരണം. പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്ഥ ഒഴിവാക്കുന്നതിനുമായി പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെയ്‌ക്കേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
കൂടാതെ സമയ്‌പൂർ ബഡ്‌ലി, രോഹിണി സെക്ടർ 18/19, ഹൈദർപൂർ ബഡ്‌ലി മോർ, ജഹാംഗീർ പുരി, ആദർശ് നഗർ, ആസാദ്‌പൂർ, മോഡൽ ടൗൺ, ജിടിബി നഗർ, വിശ്വവിദ്യാലയം, വിധൻ സഭ, സിവിൽ ലൈനുകൾ തുടങ്ങിയ പ്രദേശങ്ങളിലെ എൻട്രി-എക്‌സിറ്റ് കവാടങ്ങൾ അടച്ചുവെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും അറിയിച്ചു.