പട്‌ന: ചില ആളുകൾ ജോലിയിലല്ല സ്വയം പുകഴ്ത്തലിനാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുസാഫർപൂരിലെ സക്ര വിധാൻ നിയോജകമണ്ഡലത്തിൽ നടന്ന വോട്ടെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മഹാഗത്ബന്ധന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്‍റെ പരമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാർ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ബിഹാർ 23-ാം സ്ഥാനത്താണെന്നും സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ കുറഞ്ഞതായും നിതീഷ് കുമാർ പറഞ്ഞു. തങ്ങൾക്ക് താൽപ്പര്യമുള്ളത് ജോലിയിൽ മാത്രമാണെന്നും ചിലർ സ്ഥാനക്കയറ്റത്തിൽ താൽപ്പര്യപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാർ ജോലി ചെയ്യുന്നില്ലെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. അത്തരക്കാർ ഇപ്പോൾ ഏത് അവസ്ഥയിലാണ് ഉള്ളതെന്നും മുമ്പുള്ള അവസ്ഥ എന്താണെന്നും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വായിക്കാൻ: ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്
കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തൊഴിൽ നൽകാനും വ്യവസായങ്ങൾ ആരംഭിക്കാനും കഴിയാത്തപ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം എന്തുചെയാനാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചിരുന്നു. തന്‍റെ അച്ഛനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു യാദവിന്‍റെ കീഴിൽ ദരിദ്രർക്ക് കാര്യങ്ങൾ മികച്ചതായിരുന്നെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.