ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്കർ-ഇ-ത്വയ്ബ (എൽഇടി) പ്രവർത്തകരുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി റോ. ആഗസ്റ്റ് അഞ്ചിന് നടക്കുന്ന രാം മന്ദിർ ഭൂമി പൂജയിൽ നിരവധി വിവിഐപികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന സാഹചര്യത്തിലാണ് റോ മുന്നറിയിപ്പ് നൽകിയത്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ രാം ജന്മഭൂമി സൈറ്റിലും പരിസരത്തും വൻ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസി സുരക്ഷാ സ്ഥാപനങ്ങളെ അറിയിച്ചു.
ജയ്‌ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-ത്വയ്ബ എന്നീ തീവ്രവാദ സംഘടനകൾക്ക് ഐഎസ്ഐ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഐഎസ്‌ഐ ഇന്ത്യയിൽ മൂന്നോ നാലോ തീവ്രവാദികളെ അയച്ചിട്ടുണ്ടെന്നും അയോധ്യയിലെ ചടങ്ങിലും ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിലും അവർ ആക്രമണം നടത്തുമെന്നും റോ റിപ്പോർട്ട് പറയുന്നു. നിരവധി വിഐപികളെയും ഈ തീവ്രവാദികൾ ലക്ഷ്യമിടുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും അയോധ്യ, ഡൽഹി, കശ്മീർ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ സുരക്ഷാ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, ജൂലൈ 26ന് ജമ്മു കശ്മീർ പൊലീസ് തീവ്രവാദികളുടെ ഷോപിയാനിലെ ഒളിത്താവളം തകർത്തിരുന്നു. അവിടെ നിന്ന് ലഷ്കർ-ഇ-ത്വയിബ സൂക്ഷിച്ചിരുന്ന വെടിമരുന്നും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.