ന്യൂഡൽഹി: നഗരത്തിലെ വ്യാവസായിക സ്ഥാപനങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. ഡ്യൂട്ടി നിർവഹിക്കുന്നതിൽ നിന്ന് ആരെയും തടയരുതെന്ന് ആർഡബ്ല്യുഎകൾക്ക് നിർദേശം നൽകി. ഡൽഹി ചീഫ് സെക്രട്ടറി വിജയ് ദേവ് മെയ് 31 വരെ രാജ്യ തലസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചു.
ഓഫീസുകളിലും ജോലിസ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകളും ജീവനക്കാരും 'ആരോഗ്യ സേതു' ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. എ മുതൽ എൽ വരെ രജിസ്റ്റർ ചെയ്ത വ്യാവസായിക സ്ഥാപനങ്ങൾ രാവിലെ 7.30 മുതൽ വൈകുന്നേരം 5.30 വരെയും എം മുതൽ ഇസെഡ് വരെയുള്ള മറ്റ് സ്ഥാപനങ്ങൾ രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 വരെ പ്രവർത്തിക്കുമെന്ന് ദേവ് പറഞ്ഞു. സർക്കാരിന്‍റെ മാർഗ്ഗനിർദേശങ്ങൾ പ്രകാരം മാത്രമേ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകൂ. നിർദേശങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കെതിരെ നിയമ നടപടികൾ സ്ഥീകരിക്കുമെന്നും വിജയ് ദേവ് പറഞ്ഞു.
20 യാത്രക്കാരുമായി ബസുകൾ ഓടിക്കാമെന്നും മെട്രോ സർവീസുകൾ, സ്‌കൂളുകൾ, കോളജുകൾ, സിനിമാ ഹാളുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവ മെയ് 31 വരെ അടച്ചിടുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് എല്ലാത്തരം കടകളും തുറക്കാൻ അനുവദിക്കും. ഹോം ഡെലിവറിക്കായി റെസ്റ്റോറന്‍റുകൾ തുറക്കാൻ കഴിയുമെങ്കിലും ഡൈനിംഗ് സൗകര്യങ്ങൾ അനുവദിക്കില്ലെന്ന് കെജ്‌രിവാൾ അറിയിച്ചു.