കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധയുടെ പടരുന്ന സാഹചര്യത്തില്‍ ഗുവാങ്ഷോയിലേക്കുള്ള വിമാന സര്‍വ്വീസ് ഇന്‍ഡിഗോ നിര്‍ത്തിവെച്ചു. ഫെബ്രുവരി 6 മുതലാണ് കൊല്‍ക്കത്തയില്‍ നിന്നും ഗുവാങ്ഷോയിലേക്കുള്ള ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനുള്ള കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത -ഗുവാങ്ഷോ സര്‍വ്വീസ് ഫെബ്രുവരി 6 മുതല്‍ 25 വരെയും ഗുവാങ്ഷോ- കൊല്‍ക്കത്ത സര്‍വ്വീസ് ഫെബ്രുവരി 7 മുതല്‍ 26വരെയുമാണ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഇന്‍ഡിഗോ വക്താക്കള്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതില്‍ ഖേദിക്കുന്നുവെന്നും പണമടച്ച യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്‌താവനയില്‍ പറയുന്നു. എന്നാല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടില്ല. ഗുവാങ്ഷോ, ചൈനയിലെ കുന്‍മിങ്, സിംഗപ്പൂര്‍, ബാങ്കോക്ക് , ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധന നടത്തിയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വിടുന്നത്. തെര്‍മല്‍ സ്‌ക്രീനിങ് അടക്കമുള്ള ആരോഗ്യ പരിശോധനകളാണ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.