ഹൈദരാബാദ് : വിനായക ചതുർഥി പ്രമാണിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വിനായക വിഗ്രഹം ഹൈദരാബാദിൽ ഒരുങ്ങി. 61അടി ഉയരമുള്ള വിഗ്രഹം തെലങ്കാനയിലെ ഖൈറത്താബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഗണേശ വിഗ്രഹം കാണാൻ നിരവധി ഭക്തരാണ് എത്തുന്നത്. ' ദ്വാദാശാധിത്യ മഹാഗണപതി ' എന്നറിയപ്പെടുന്ന വിഗ്രഹത്തിന് 12 തലകളും 24 കൈകളുമുണ്ട്. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ പൂജ ആരംഭിക്കുകയും ലക്‌ടി കാ പൂളിൽ നിന്നുള്ള റാലിയില്‍ പട്ടു വസ്‌ത്രങ്ങൾ മണ്ഡപത്തിലേക്ക് കൊണ്ടുവരികയും ചെയ്‌തു.
40 ടൺ ഭാരമുള്ള വിഗ്രഹം നിർമ്മിക്കാൻ 25 ടൺ ഉരുക്കും 15 ടൺ പ്ലാസ്റ്റർ ഓഫ് പാരീസും മറ്റ് ആവശ്യ വസ്‌തുക്കളും ഉപയോഗിച്ചതായി വിഗ്രഹത്തിന്‍റെ ശില്‌പി സി രാജേന്ദ്രൻ പറഞ്ഞു. വ്യാപാരിയായ ശ്രീകാന്ത് ഈ വർഷം ഖൈറത്താബാദിലെ ഗണേശ വിഗ്രഹത്തിന് 750 കിലോ ലഡു വഴിപാടായി നേർന്നിട്ടുണ്ട്. ഗവർണർ ഇഎസ്എൽ നരസിംഹനും ഭാര്യ വിമല നരസിംഹനുമാണ് ഗണേശ വിഗ്രഹത്തിന് മുന്നിൽ ആദ്യമായി പ്രാർത്ഥന നടത്തിയത്. ഹിമാചല്‍ പ്രദേശ് ഗവർണറായി നിയമിതനായ ബന്ദാരു ദത്താത്രേയ മന്ത്രി തലസാനി ശ്രീനിവാസ യാദവ് എന്നിവരും ഖൈറത്താബാദിലെത്തി ഗണേശ വിഗ്രഹത്തില്‍ പൂജ നടത്തി.