ന്യൂഡല്‍ഹി: ഇന്ത്യൻ ഭരണഘടന രൂപീകരിച്ച് 70 വർഷം പൂർത്തിയാകുമ്പോള്‍ നിരവധി ലോകരാജ്യങ്ങളിലെ ഭരണഘടനകളുടെ സംയോജനമെന്ന സവിശേഷതയാണ് നമ്മുടെ ഭരണഘടനയെ വേറിട്ട് നിര്‍ത്തുന്നത്.
അഞ്ചാമത് ഭരണഘടനാ ദിവസത്തിലേക്ക് രാജ്യം കടക്കുമ്പോള്‍ ഇന്ത്യൻ ഭരണഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില പ്രധാന വശങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി അഖിലേന്ത്യാ ബാർ അസോസിയേഷൻ ചെയർപേഴ്‌സണും ഭരണഘടനാ വിദഗ്ധനുമായ ആദിഷ് അഗർവാലയുമായി ഇടിവി ഭാരത് പ്രതിനിധി സംസാരിച്ചു, അദ്ദേഹവുമായി നടത്തിയ കൂടികാഴ്‌ചയില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാരുകളുടെ ശ്രമം പ്രാബല്യത്തില്‍ വരാന്‍ എന്തുകൊണ്ടാണ് വളരെയധികം കാലതാമസമെടുക്കുന്നത്, വളരെ സങ്കീർണ്ണമായ ഇന്ത്യയില്‍ എകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കാനാകും തുടങ്ങിയ കാലിക പ്രസക്‌തിയുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായി.
ഭരണഘടന ഭേദഗതിയെന്നത് വളരെയധികം സങ്കീർണ്ണമാണെന്ന് അഭിപ്രായപ്പെട്ട അഗര്‍വാല അസംബ്ലിയിലെ 'ബുദ്ധിജീവികളുടെ' സമ്മേളനത്തില്‍ ഒരു വിഷയത്തില്‍ അഭിപ്രായവ്യത്യാസങ്ങളും, എതിർപ്പുകളും വ്യാപകമായി ഉണ്ടാകുമെന്നും അതിനാൽ ഒരു ഭേദഗതി പ്രാബല്യത്തില്‍ വരുത്താന്‍ അധികം സമയവും അപാകതകളില്ലാത്ത ആസൂത്രണവും ആവശ്യമാണെന്നും അഭിപ്രായപ്പെട്ടു.
ഒരു തീരുമാനമെടുക്കുമ്പോള്‍ രാജ്യത്തിന്‍റെ വിവിധ വിഭാഗത്തിലുള്ളവരുടെ പങ്കാളിത്തം അനുവദിക്കേണ്ടതുണ്ട്. അതാണ് ജനാധിപത്യത്തിന്‍റെ സൗന്ദര്യമെന്ന് അഭിപ്രായപ്പെട്ട അഗര്‍വാല ഭരണഘടനാ പരിഷ്‌കാരങ്ങള്‍ പോലെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ പ്രാബല്യത്തിലാക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ജനങ്ങള്‍ക്ക് ഇത്തരം നീക്കങ്ങളോടുള്ള സമീപനം മനസിലാക്കാന്‍ കൂടി യാണെന്നും കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യപ്പെടേണ്ട തീരുമാനമാണെങ്കില്‍ അതിന് ജനങ്ങള്‍ക്ക് ഈ സമയം അവസരം നല്‍കുമെന്നും അഗര്‍വാല വ്യക്‌തമാക്കി.
കൂടികാഴ്‌ചയില്‍ തന്‍റെ 'ഇന്ത്യന്‍ ഭരണഘടന' എന്ന പുസ്‌കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചും ആദിഷ് അഗർവാല പ്രതിപാദിച്ചു. രാജ്യത്തുണ്ടായ ചരിത്രവിധികളുടെ വിശദമായ വിവരങ്ങളും, അവ തയാറാക്കിയ ജഡ്‌ജിമാരുടെ അഭിപ്രായങ്ങളും എല്ലാമടങ്ങുന്ന ഒരു പുസ്‌തകമാണ് തന്‍റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അയോധ്യക്കേസിലെ സുപ്രീംകോടതി വിധിയെ അഗര്‍വാല സ്വാഗതം ചെയ്‌തു. ഒരു മുസ്ലീം ജഡ്ജിയുടെ സാന്നിധ്യം വിധി പ്രസ്‌താവിച്ച ബഞ്ചിലുണ്ടായിട്ടും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാനുള്ള വിധി ആരുടെയും പക്ഷം പിടിക്കാതെയുള്ള ഒന്നായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏകീകൃത സിവില്‍ കോഡ് ഇതുവരെ നടപ്പാക്കാതിരുന്നത് മുമ്പുണ്ടായ വിഭജത്തെ ഓര്‍ത്തിട്ടാണെന്ന് അഭിപ്രായപ്പെട്ട അഗര്‍വാല വിഷയത്തില്‍ വിശദമായ അഭിപ്രായപ്രകടനം നടത്തി.
രാജ്യത്ത് ദിനംപ്രതി നടക്കുന്ന അതിക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ചും അഗർവാല സംസാരിച്ചു, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വഴി അത്തരം സംഭവങ്ങൾ ഒരു പരിധി വരെ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ അഗര്‍വാല, ബിജെപി പ്രകടന പത്രികയിലുള്ള വിഷയമായതിനാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഭരണസംവിധാനം അമേരിക്കയിലേതിന് സമാനമായി പ്രസിഡന്‍ഷ്യല്‍ രീതിയിലാക്കിയാലുള്ള പ്രയോജനങ്ങളെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചിലവുകള്‍ കുറയ്‌ക്കുന്നതിനും, തീരുമാനങ്ങള്‍ പെട്ടെന്ന് പ്രാബല്യത്തില്‍ വരുന്നതിനും അത് ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീരുമാനങ്ങള്‍ക്ക് വേഗത കൂടുന്നതിനൊപ്പം, നിലവില്‍ രാജ്യത്തുള്ള ഭരണ സംവിധാനം മൂലമുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രസിഡന്‍ഷ്യല്‍ ഭരണരീതി ശാശ്വത പരിഹാരമാകുമെന്നും അഗർവാല അഭിപ്രായപ്പെട്ടു.