ന്യൂഡൽഹി: രാജ്യത്തിന്‍റെ കിഴക്കൻ മേഖലക്ക് ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിഴക്കൻ മേഖലക്ക് ഭാവിയിൽ രാജ്യത്തിന്‍റെ " ഗ്രോത്ത് എൻജിൻ " ആകാനുള്ള കെൽപ്പുണ്ടെന്നാണ് അദ്ദേഹം മൻ കി ബാത്തിലൂടെ വിശേഷിപ്പിച്ചത്. ഈ പ്രദേശം വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ 'മാൻ കി ബാത്തിന്‍റെ' 65-ാം പതിപ്പിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് രാജ്യത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ ഒപ്പം മറ്റൊന്ന് കൂടി ചിന്തിക്കാൻ ഈ അവസരത്തെ നാം പ്രയോജനപ്പെടുത്തണം. മുൻകാലങ്ങളിൽ എന്താണ് ഇവിടെ സംഭവിച്ചതെന്ന് നോക്കി അവ വിശകലനം ചെയ്ത് ഭാവിയിലേക്ക് പാഠങ്ങൾ പഠിക്കാൻ നാം തയ്യാറാകണം. കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളിലൂടെ രാജ്യത്തെ കിഴക്കൻ മേഖലയുടെ വേദന നമുക്ക് കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കെൽപ്പുള്ള മനുഷ്യവിഭവം കിഴക്കൻ മേഖലയിൽ ഉൾക്കൊള്ളുന്നു. ഈ പ്രദേശത്തിന്‍റെ വികസനത്തോടെ രാജ്യത്തെ സുസ്ഥിര വികസനം സാധ്യമാകുന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകം ഇതിന് മുമ്പ് സാക്ഷ്യം വഹിക്കാത്ത പ്രതിസന്ധിയാണ് കൊവിഡ് മഹാമാരി. ഈ അവസ്ഥയിൽ വെല്ലുവിളികളും ബുദ്ധിമുട്ടുകളും അനേകമാണ്. ഇന്ത്യ ഉൾപ്പെടെ വൈറസ് ബാധിതരായ എല്ലാ രാജ്യങ്ങളും ഇത്തരം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗവും ഈ പ്രതിസന്ധിയിൽ നിന്ന് മുക്തരല്ല. എങ്കിലും ദരിദ്രരും തൊഴിലാളികളുമാണ് ഈ മഹാമാരിയുടെ വെല്ലുവിളികളാൽ ഏറെ യാതന അനുഭവിക്കുന്നത്. അവരുടെ വേദന വാക്കുകളിൽ പ്രകടിപ്പിക്കാനാകില്ല. രാജ്യം ഒന്നായി ഈ വേദന പങ്കിടാൻ ശ്രമിക്കുകയാണ്. പ്രതിസന്ധിയെ തരണം ചെയ്യാൻ ഏവരും കഠിനാധ്വാനം ചെയ്യുന്നു. റെയിൽവേ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഒരു ദിവസത്തെ മുഴുവൻ സമയവുമാണ് പ്രവർത്തിക്കുന്നത്. കൊവിഡിനെതിരയുള്ള യുദ്ധത്തിലെ മുൻനിര യോദ്ധാക്കളാണവരെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി പ്രധാനമന്ത്രി കഴിഞ്ഞ മാർച്ച് 24 ന് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി ജൂൺ 30 വരെ നീട്ടി.