ന്യൂഡല്‍ഹി: ലോകത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. 3.2 ശതമാനമാണ് ഇന്ത്യയിലെ മരണനിരക്ക്. പതിനായിരത്തിലധികം ആളുകള്‍ക്ക് രോഗം ഭേദമായെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. നിലവില്‍ 28,046 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 10,633 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 39,980 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ശനിയാഴ്‌ച മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 2,644 പോസിറ്റീവ് കേസുകളാണ്. 83 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1,301 ആയി.