ഭോപാൽ: മധ്യപ്രദേശിലെ ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈംഗിക വിവാദത്തിനാണ് മധ്യപ്രദേശ് വേദിയായത്. രാഷ്ട്രീയ നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, മധ്യപ്രദേശിലെ ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ, മുൻ മന്ത്രിമാര്‍, വ്യവസായികൾ തുടങ്ങി ഹണി ട്രാപ്പിൽ കുടുങ്ങിയവരുടെ പട്ടിക നീളുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പ് തട്ടിപ്പാണ് ഭോപാലിലെതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കണ്ടെടുത്തത് നാലായിരത്തോളം ഡിജിറ്റൽ തെളിവുകൾ:
അശ്ലീല ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകൾ, പ്രമുഖരുമായുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവയടക്കം നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. ഇത് കൂടാതെ തട്ടിപ്പുസംഘം മെമ്മറി കാര്‍ഡുകളില്‍നിന്ന് ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ കൂടി വീണ്ടെടുത്താൽ കണ്ടെത്തിയ ഡിജിറ്റല്‍ ഫയലുകളുടെ എണ്ണം 5000 കടന്നേക്കും. പ്രമുഖരായ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്ന പ്രതികൾ ഇവരെ വശീകരിച്ച് കിടപ്പറ പങ്കിടാൻ ക്ഷണിക്കുകയാണ് ഹണി ട്രാപ്പിന്‍റെ ആദ്യഘട്ടം. തുടർന്ന് ഇവരുമായുള്ള കിടപ്പറ ദൃശ്യങ്ങൾ ഒളിക്യാമറയിൽ ചിത്രീകരിക്കും. കിടപ്പറ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് മാഫിയാ സംഘത്തിന്‍റെ പ്രധാന പ്രവർത്തനം.
ഹണിട്രാപ്പ് പുറം ലോകം അറിഞ്ഞത് ഹർഭജന്‍റെ പരാതിയിൽ:
ഭോപാലിലെ ഹണി ട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിയുന്നത് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എഞ്ചിനിയര്‍ ഹർഭജൻ സിങ്ങിന്‍റെ പരാതിയിലാണ്. നിർധന കുടുംബത്തിൽപെട്ട മോണിക്ക യാദവ് എന്ന യുവതിക്ക് ജോലി ശരിയാക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർഭജൻ സിങ്ങിന്‍റെ സുഹൃത്തായ ശ്വേത വിജയ് ജെയ്ൻ എന്ന സ്ത്രിയാണ് ഹർഭജനെ ഹണിട്രാപ്പിൽപ്പെടുത്തുന്നത്. മോണിക്ക യാദവിനെ പരിചയപ്പെടുന്ന ഹർഭജൻ ചില വിട്ടുവീഴ്ചകൾക്ക് തയാറായാൽ ജോലി തരപ്പെടുത്താമെന്ന് പറയുന്നു. തുടർന്ന് ഹർഭജനുമായി അടുത്ത സൗഹൃദം പുലർത്തിയ മോണിക്ക കിടപ്പറ പങ്കിടാൻ ഹർഭജനെ ഹോട്ടൽ മുറിയിലെക്ക് ക്ഷണിക്കുകയായിരുന്നു. രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ മോണിക്ക ഹർഭജൻ അറിയാതെ ക്യാമറയിൽ പകർത്തി. ഇതോടെ മധ്യപ്രദേശ് ആകെ വ്യാപിച്ച സെക്സ് റാക്കറ്റിന്‍റെ ഇരയായി ഹർഭജൻ സിങും.
ഭീഷണിയുമായി സംഘം:
മോണിക്കയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ശ്വേത വിജയ് ജെയ്ൻ അടങ്ങുന്ന ഒരു സംഘം ഹർഭജനെ ബ്ലാക്മെയിൽ ചെയ്യാൻ ആരംഭിക്കുകയും കിടപ്പറ ദൃശ്യങ്ങൾ പരസ്യപ്പെടപത്തുമെന്നും ഇത് തടയണമെങ്കിൽ മൂന്നു കോടി രൂപ പ്രതിഫലം നൽകണമെന്നും ആവശ്യപ്പടുകയും ചെയ്തു. ഇതേ തുടർന്നാണ് ഈ മാസം 17ന് ഹർഭജൻ സിങ് ഇൻഡോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. അന്വേഷണത്തിൽ ആർതി ദയാൽ, മോണിക്ക യാദവ് എന്നീ പെൺകുട്ടികളെ മുൻനിർത്തിയാണ് തട്ടിപ്പ് സംഘം ഇരകൾക്കായി വല വിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. പിന്നീടങ്ങോട്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള പൊലീസിന്‍റെ നിക്കങ്ങളായിരുന്നു. പൊലീസിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ തയ്യാറാണെന്ന് ഹർഭജൻ തട്ടിപ്പ് സംഘത്തെ അറിയിച്ചു. ഇതെത്തുടർന്ന് മൂന്നുകോടിയുടെ ആദ്യ ഗഡു 50 ലക്ഷം വാങ്ങാൻ വിജയ് നഗറിലെ ഫ്ലാറ്റിലെത്തിയ ആർതി ദയാൽ (29), മോണിക്ക യാദവ് (18), ഡ്രൈവർ ഓം പ്രകാശ് (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), എന്നിവർ കൂടി പിടിയിലായി. ഐഎഎസ് ഉദ്യോഗസ്ഥനെ സംഘം കെണിയിൽപെടുത്തിയെന്ന വിവരവും ചോദ്യം ചെയ്യലിൽ പുറത്തായി. ഇയാളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
ഹണി ട്രാപ്പിന്‍റെ ലക്ഷ്യം:
ലൈംഗിക ബന്ധത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ഇവരില്‍ നിന്ന് പണമടക്കം പല കാര്യങ്ങളും നേടിയെടുക്കുകയുമായിരുന്നു അഞ്ച് യുവതികളടങ്ങുന്ന ഹണി ട്രാപ്പ് സംഘത്തിന്‍റെ ലക്ഷ്യം. വൻതുകയും ആർഭാട ജീവിതവുമാണ് തട്ടിപ്പ് സംഘത്തിലെ സ്ത്രീകൾക്ക് പ്രതിഫലമായി ലഭിച്ചിരുന്നത്.
അറസ്റ്റിലായത് പ്രമുഖരുമായി അടുത്ത ബന്ധമുള്ളവർ:
കേസിൽ അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്‍റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങിന്‍റെ ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചാണ് ഹർഭജനെ മോണിക്കയ്ക്ക് പരിചയപ്പെടുത്തിയ ശ്വേതാ ജെയിൻ തന്‍റെ പെൺവാണിഭ സംഘം നടത്തിയിരുന്നത്. ബിരുദ വിദ്യാർഥിനിയായ മോണിക്ക യാദവ് രാജ്ഗഡ് സ്വദേശിനിയാണ്. സമൂഹത്തിൽ ഇന്നത സ്ഥാനത്തിരിക്കുന്നവരും സ്വാധീനമുള്ളവരും തട്ടിപ്പ് സംഘത്തിന്‍റെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവം പുറത്തായതോടെ കേസിൽ കൂടുതൽ പേർ പരാതിയുമായി വരുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ ഉദ്വോഗസ്ഥർ.