ന്യൂഡല്‍ഹി: ഇന്ത്യയില്‍ തബ്‌ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം വർധിച്ചതിനു ശേഷം മുസ്ലീങ്ങള്‍ക്കെതിരായും ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് വർഗീയ വിദ്വേഷം വമിപ്പിക്കുന്ന സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ധാരാളമായി വന്നു തുടങ്ങിയിരിക്കുന്നു. മത നേതാക്കള്‍ മുതല്‍ യുഎഇയിലെ രാജകുടുംബത്തിലെ അംഗങ്ങള്‍ വരെയുള്ള പല വ്യക്തികളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടുന്നതിനായി ഇന്ത്യാ സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊവിഡ്-19 ന് ജാതിയോ മതമോ വര്‍ഗമോ ഭാഷയോ അതിര്‍ത്തികളോ ഇല്ല ആഞ്ഞടിക്കുവാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതോടെ അത് ഊന്നി പറഞ്ഞു കൊണ്ട് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡറായ പവന്‍ കപൂറും വര്‍ഗീയ വിദ്വേഷത്തിന്‍റെ ആളികത്തുന്ന തീ കെടുത്തുവാന്‍ മുന്നോട്ട് വന്നു.
യുഎഇയിലെ രാജകുടുംബത്തിലെ അംഗമായ രാജകുമാരി ഹെന്‍ഡ് അല്‍ ക്വസേമി ആയിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തമായ വിമര്‍ശനങ്ങള്‍ നടത്തിത്. വിദ്വേഷം ഇന്ത്യയില്‍ കൂടുതല്‍ ഉച്ചത്തിലായി തുടങ്ങിയിരിക്കുന്നു എന്നും പ്രധാനമന്ത്രി മോദിയുടെ ആരാധകര്‍ അദ്ദേഹത്തിന്‍റെ സന്ദേശങ്ങള്‍ ഉള്‍കൊള്ളേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു. തന്‍റെ പക്കല്‍ ഭഗവദ് ഗീതയുടെ ഒരു പതിപ്പുണ്ടെന്നും, മഹാത്മാഗാന്ധിയാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്നും ഏറ്റവും ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ താന്‍ യോഗ ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു എന്നും അവര്‍ പറഞ്ഞു.
മുതിര്‍ന്ന പത്രപ്രവര്‍ത്തക സ്മിതാ ശര്‍മ്മയുമായി നടത്തിയ പ്രത്യേക അഭിമുഖത്തില്‍ വിദ്വേഷ പ്രചാരണങ്ങള്‍ യുഎഇയില്‍ ഒരു വലിയ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ നിയമം വെറുതെ വിടില്ല എന്നും ക്വസേമി പറഞ്ഞു. അതേസമയം 33 ലക്ഷം വരുന്ന യുഎഇയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയിലുള്ള 90 ലക്ഷം ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കഠിനാധ്വാനം ചെയ്യുന്നവരും സത്യസന്ധരുമാണെന്നും, അവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭിക്കുമെന്നും യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ തിരിച്ചടികളും അവര്‍ ഭയക്കേണ്ടതില്ലെന്നും ഉറപ്പ് നല്‍കി.
ചൈനയിലെ വുഹാനാണ് പ്രഭവ കേന്ദ്രമെങ്കിലും കൊവിഡിനെ ഇന്ത്യ ചൈനീസ് വൈറസ് എന്ന് വിളിക്കുന്നില്ല. ലോകം കഴിഞ്ഞ പല നൂറ്റാണ്ടുകളിലായി നിരവധി പകര്‍ച്ച വ്യാധികള്‍ വ്യത്യസ്ത കാരണങ്ങളാല്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലക്ഷകണക്കിനു അമേരിക്കക്കാര്‍ ഇപ്പോഴും സാമൂഹിക അകലം പാലിക്കാതെ ജീവിക്കുന്നു. അവര്‍ യാതൊരു തരത്തിലുള്ള സുരക്ഷാ നടപടികളും എടുക്കുന്നില്ല. അപ്പോള്‍ പിന്നെ എന്തിനാണ് മൊത്തം മുസ്ലീങ്ങളെയും അനാവശ്യമായി മുദ്ര കുത്തി, ഹാദിത് പാലിക്കാത്ത മറ്റ് പലരുടേയും നടപടികളുടെ പേരില്‍ അവരെ കുറ്റപ്പെടുത്തുന്നത് എന്ന് അവര്‍ ചോദിക്കുന്നു.
ദുബായില്‍ നിന്നും സ്മിതാ ശര്‍മ്മയുമായി സംസാരിക്കവെ രാജകുമാരി ക്വസേമി ഇന്ന് ഇസ്ലാം വിരുദ്ധത യാഥാർത്ഥ്യമാണെന്നും അതുപോലെ തന്നെയാണ് മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിദ്വേഷമെന്നും പറഞ്ഞു. അത് ചൈനയിലെ ഉയ്ഗര്‍കള്‍ക്കെതിരെ ആയാലും മ്യാന്മാറിലെ റോഹിങ്ക്യകള്‍ക്കെതിരെ ആയാലും ഒരു പോലെയാണ്. ലോകത്താകമാനമുള്ള മുസ്ലീങ്ങളോട് വീട്ടില്‍ തന്നെ സുരക്ഷിതരായി ഇരിക്കുവാന്‍ അഭ്യർത്ഥിക്കുന്ന അവര്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ വീട്ടില്‍ തന്നെ ഒതുക്കുവാനും ആവശ്യപ്പെട്ടു. വിഭജന കാലത്ത് ഇന്ത്യയെ തങ്ങളുടെ സ്വന്തം നാടായി കണക്കാക്കിയ കോടി കണക്കിനു ഇന്ത്യന്‍ മുസ്ലീങ്ങള്‍, കുട്ടിക്കാലം മുതൽ ഇന്ത്യയുടെ പ്രത്യേകതയായി താനെന്നും കണക്കാക്കി വരുന്ന നാനാത്വത്തിന്‍റെയും മതേതരത്വത്തിന്‍റെയും മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി വേളയില്‍ എല്ലാ സമൂഹങ്ങളും തുറന്ന മനസ്സോടെയും എല്ലാവരേയും ഉള്‍കൊണ്ടു കൊണ്ടും ജീവിക്കണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.