ന്യൂഡൽഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പാസഞ്ചർ ട്രെയിൻ സർവീസ് നിർത്തിവച്ചതോടെ ഇന്ത്യൻ റെയിൽവേയ്ക്ക് 35,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. എന്നാൽ ഈ കുറവ് പരിഹരിക്കാൻ ചരക്ക് ഗതാഗതം വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ സർവീസ് നടത്തുന്ന 231 പാസഞ്ചർ ട്രെയിനുകളിൽ 75 ശതമാനത്തോളം ആളുകളാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ വർഷം 3.12 മെട്രിക് ടൺ ടൺ ആയിരുന്ന ചരക്ക് ഗതാഗതം ജൂലൈ 27 ആയപ്പോൾ 3.13 മെട്രിക് ടണ്ണായി ഉയർന്നു. ഈ വർഷം അവസാനത്തോടെ ഇത് 50 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45-46 കിലോമീറ്റർ വരെ ഇരട്ടിയാക്കും. ജൂലൈ 27 ന് ഇന്ത്യൻ റെയിൽവേയിൽ 1039 റേക്കുകളിൽ ചരക്ക് കയറ്റി. ഇതിൽ 76 റേക്ക് ഭക്ഷ്യധാന്യങ്ങൾ, 67 റേക്ക് വളം, 49 റേക്ക് സ്റ്റീൽ, 113 റേക്ക് സിമന്‍റ്, 113 റേക്ക് ഇരുമ്പ് അയിര്, 363 റേക്ക് കൽക്കരി എന്നിവ ഉൾപ്പെടുന്നു. ചരക്കുനീക്കത്തിനായി വ്യാപാരികളെ ആകർഷിക്കുന്നതിനായി സീസൺ സർചാർജ് 15 ശതമാനവും സർചാർജ് അഞ്ച് ശതമാനവും പിൻവലിക്കാൻ റെയിൽവേ തീരുമാനിച്ചു.