പട്ന: നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം ജാൻകി ഗ്രാമത്തിൽ നേപ്പാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ലഗാൻ കിഷോർ എന്നയാളെ അറസ്റ്റ് ചെയ്തത്.
മകന്‍റെ നേപ്പാൾ പൗരയായ ഭാര്യയെ കാണാനായാണ് താനും മകനും അതിർത്തിയിൽ എത്തിയതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അനാവശ്യമായി മകനെ തല്ലുന്നത് കണ്ട് ഇടപ്പെട്ടതിനാലാണ് തന്നെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ലഗാൻ കിഷോർ പറഞ്ഞു. നേപ്പാൾ പൊലീസ് അനാവശ്യമായി ഭീതി സൃഷ്ടിക്കുകയും വെടിയുതിർക്കുകയും ചെയ്തായും അദ്ദേഹം പറഞ്ഞു.
'വെടിവെപ്പ് തുടങ്ങിയപ്പോൾ ഞങ്ങൾ ഇന്ത്യയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ എന്നെ വലിച്ചിഴച്ച് നേപ്പാളിലെ സംഗ്രാംപൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു', കിഷോര്‍ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വികേഷ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്.