ന്യൂഡൽഹി: അമേരിക്കയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഉടൻ തിരികെയെത്തിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഇന്ത്യക്കാരെ നാട്ടില്ലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വിഭ ദത്ത മഖിജ സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേട്ടു.
യുഎസിൽ കുടുങ്ങിയിരിക്കുന്നവർക്ക് വേണ്ട പരിരക്ഷയും സഹായവും രാജ്യം ഉറപ്പാക്കുന്നുണ്ട്. യുഎസ് വിദേശ പൗരന്മാർക്ക് വിസ നീട്ടി നൽകുന്നുണ്ട്. യുഎസിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അവരെ തിരിയെത്തിക്കുക ബുദ്ധിമുട്ടാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
വിസകൾ നീട്ടുന്നതിനുള്ള അപേക്ഷക്ക് 500 ഡോളറായതിനാൽ വിസ നീട്ടി നൽകുന്നതിന് യാതൊരു ഉറപ്പുമില്ല. ചില പൗരന്മാർ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലാണെന്നും അവരിൽ പലരും ക്യാൻസർ രോഗികളാണെന്നും ഹർജിക്കാരൻ വിഭ ദത്ത മഖിജ പറഞ്ഞു. ഒരു വിദേശ ഗവൺമെന്‍റിന്‍റെ തീരുമാനം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സുപ്രീംകോടതി, വിസ നീട്ടൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് കാണിച്ച് സർക്കാർ യുഎസിന് അഭ്യർഥന അയക്കണമെന്ന് കൂട്ടിച്ചേർത്തു.