ന്യൂഡൽഹി: അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ നിന്ന് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും പിന്മാറിയെന്ന് കരസേന അറിയിച്ചു. ഗല്‍വാനില്‍ ഇന്ത്യന്‍-ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 17 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരാണ് തിങ്കളാഴ്‌ച രാത്രി രാജ്യത്തിനായി ജീവന്‍ വെടിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 പേര്‍ക്ക് ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് കരസേന അറിയിച്ചു.
ഇന്ത്യന്‍ സൈന്യത്തിലെ കമാന്‍ഡിങ് ഓഫിസറായ കേണല്‍ ബി സന്തോഷ് ബാബു അടക്കമാണ് വീരമൃത്യു വരിച്ചത്. പത്തോളം സൈനികരെ കാണാതായിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു. തിങ്കളാഴ്‌ച രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ചൈനയുടെ 43 സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്‌തെന്നാണ് കരസേന നൽകുന്ന വിവരം.