ഡല്‍ഹി: അതിർത്തിയില്‍ സംഘർഷത്തിന് വഴി തുറന്ന് ഇന്ത്യ- ചൈന സൈന്യങ്ങൾ മുഖാമുഖം. റെസാങ്ങ് ലാ കൊടുമുടികള്‍ക്ക് സമീപം ഇന്ത്യന്‍ സൈന്യവുമായി ചൈനീസ് സൈന്യം മുഖാമുഖം നില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഘർഷം ഒഴിവാക്കാൻ ഇരു സൈന്യവും പരസ്പരം ആശയവിനിമയം തുടരുകയാണ്. കിഴക്കൻ ലഡാക്കില്‍ തിങ്കളാഴ്ച രാത്രി ഇന്ത്യൻ സൈനിക താവളങ്ങൾക്ക് കുറുകെയുള്ള ഇന്ത്യൻ പോസ്റ്റുകൾ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ചൈനീസ് സൈനികർ ആകാശത്തേക്ക് വെടിയുതിർത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. കരാറുകൾ ലംഘിച്ച് ആക്രമണോത്സുകമായ തന്ത്രങ്ങൾ നടപ്പിലാക്കാനാണ് ചൈനീസ് സൈന്യം ശ്രമിക്കുന്നതെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് സൈന്യം ഏതാനും റൗണ്ടുകൾ ആകാശത്തേക്ക് വെടിയുതിർത്തു. ഇത് നഗ്നമായ ഉടമ്പടി ലംഘനമാണ്. അതേസമയം സൈനിക, നയതന്ത്ര, രാഷ്ട്രീയ തലത്തിൽ ഇടപെടൽ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ ആർമി അറിയിച്ചു. തിങ്കളാഴ്ച പാൻഗോങ് സോയ്ക്ക് സമീപം ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി കടന്നു എന്ന് ചൈന അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെപ്രസ്താവന വന്നത്. പ്രകോപനമുണ്ടായിട്ടും ഇന്ത്യന്‍ സൈന്യം വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സമാധാനം നിലനിർത്താൻ ഇന്ത്യൻ ആർമി പ്രതിജ്ഞാബദ്ധമാണ്, എന്നിരുന്നാലും എന്തുവില കൊടുത്തും ദേശീയ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അറിയിച്ചു.
ഇന്ത്യയും ചൈനയും തമ്മിൽ ഒരു സൈനിക ബന്ധം നിലനിൽക്കുന്ന പ്രദേശമായ കിഴക്കൻ ലഡാക്ക് മേഖലയിൽ മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യം നിലയുറപ്പിച്ചിരിക്കുന്നു. അടുത്തിടെയാണ് ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ പാങ്കോങ് തടാകത്തിന്‍റെ തെക്കൻ തീരത്ത് തന്ത്രപരമായ ഉയരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. ഏപ്രിൽ-മെയ് മാസം മുതൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷത്തിലാണ്. ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യവുമായുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെ സ്ഥിതി കൂടുതൽ വഷളായി.