ഗാങ്ടോക്ക്: കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് കിഴക്കൻ സിക്കിമിലെ നാഥുലയിൽ കുടുങ്ങിയ സ്‌ത്രീകളും കുട്ടികളുമടക്കം ആയിരത്തയഞ്ഞൂറോളം സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച വൈകുന്നേരം കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ഗാങ്‌ടോക്കിൽ നിന്ന് പുറപ്പെട്ട മുന്നൂറ് വാഹനങ്ങളില്‍ ഉണ്ടായിരുന്ന സഞ്ചാരികളെയാണ് സൈന്യം രക്ഷിച്ചത്.
ജവഹര്‍ ലാല്‍ നെഹ്റു റോഡിനും നാഥുലയ്‌ക്കുമിടയിലുള്ള പ്രദേശത്താണ് ആളുകള്‍ കുടുങ്ങി കിടന്നത്. രക്ഷപെട്ടവരില്‍ 570 പേരെ ആര്‍മി ക്യാമ്പിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും മരുന്നുകളും വസ്‌ത്രങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട്. മഞ്ഞ് നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സഞ്ചാരികളെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.