ശ്രീനഗര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉള്‍നാടന്‍ പ്രദേശങ്ങളിലെ ഗ്രാമീണര്‍ക്ക് സാനിറ്റൈസേഷന്‍ കിറ്റുകള്‍ വിതരണം ചെയ്‌ത് ഇന്ത്യന്‍ ആര്‍മി. ജമ്മു കശ്‌മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗ്രാമീണര്‍ക്കാണ് സൈന്യം കിറ്റുകള്‍ വിതരണം ചെയ്യുന്നത്. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഗ്ലൗസുകള്‍, മറ്റ് അണുനാശക വസ്‌തുക്കള്‍ എന്നിവയാണ് കിറ്റുകളിലുള്ളത്. കൊവിഡിനെതിരെ ഇന്ത്യന്‍ ആര്‍മി 14ാം റെജിമെന്‍റിന്‍റെ നേതൃത്വത്തിലുള്ള പ്രചരണങ്ങളുടെ ഭാഗമായാണ് സുരക്ഷാ കിറ്റുകളുടെ വിതരണം. വീടുകള്‍ തോറും കൊവിഡിനെക്കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
കൊവിഡിനെതിരെയുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ പിന്തുണ നല്‍കി കൊണ്ട് സൈന്യത്തിന്‍റെ നേതൃത്വത്തിലുള്ള ചെറിയ പങ്കാണിതെന്ന് ആര്‍മി അധികൃതര്‍ വ്യക്തമാക്കി. ഇത്തരമൊരു പ്രതിസന്ധിക്കിടെ എല്ലാവരും പിന്തുണയുമായി മുന്നോട്ടുവരണമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും അധികൃതര്‍ പറഞ്ഞു. സമാനമായി നേരത്തെ രജൗരി ജില്ലയിലും ആര്‍മി സഹായങ്ങള്‍ ചെയ്‌തിരുന്നു.
7093 പേര്‍ക്കാണ് ജമ്മു കശ്‌മീരില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നിലവില്‍ 2683 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 4316 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 94 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു.