ശത്രുസേനയുടെ വിമാനം(എഫ് 16) വെടിവെച്ചിടുന്നതിനിടെ സ്വന്തം വിമാനം (മിഗ് 21 ബൈസണ്‍) തകര്‍ന്ന് പാക് സൈന്യത്തിന്‍റ കയ്യിലകപ്പെട്ട വ്യോമസേനയുടെ വിങ്കമാൻഡർ അഭിനന്ദൻ വർധമാനെ മാനസികമായി പീഡിപ്പിച്ചതിന് പാകിസ്ഥാനെതിരെ ഇന്ത്യ പ്രതിഷേധം അറിയിക്കും. പാക് തടങ്കലില്‍ ശാരീരിക മര്‍ദ്ദനം നേരിട്ടില്ലെങ്കിലും പാകിസ്ഥാനിലെ കരസേനയും ഐഎസ്ഐ ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അഭിനന്ദന്‍ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ഡിബ്രീഫിങ്ങിനിടെ മൊഴി നല്‍കിയത്.
ഇത് ജനീവ കരാറിന്‍റെ ലംഘനമാണെന്ന് കാട്ടി നയതന്ത്രതലത്തില്‍ പാകിസ്ഥാനെശക്തമായ പ്രതിഷേധം അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. വ്യോമസേനയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കിട്ടിയതിന് ശേഷം ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം തീരുമാനം എടുക്കും. അതേസമയം അഭിനന്ദനെ കൈമാറിയതിനാല്‍ അന്താരാഷ്ട്ര സംഘടനകളോട് ഇന്ത്യ ഈ വിഷയത്തിൽ പാകിസ്ഥാനെതിരെ പരാതിപ്പെടാൻ സാധ്യതയില്ല.
പാക് അധീന കശ്മീരിൽ നിന്ന് ശത്രുസൈന്യത്തിന്‍റെ കയ്യിലകപ്പെട്ട വൈമാനികന്‍ അഭിനന്ദൻ വർദ്ധമാനെ തടങ്കലിൽ വച്ചിരിക്കുമ്പോൾ ചിത്രീകരിച്ച നിരവധി വീഡിയോകൾ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. പാകിസ്ഥാൻ സേന തന്നോട് മാന്യമായാണ് പെരുമാറിയതെന്നാണ് ഈ വീഡിയോകളിൽ അഭിനന്ദൻ പറയുന്നത്. എന്നാൽ ഇവ തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിച്ചതായിരുന്നുവെന്ന് അഭിനന്ദൻ പിന്നീട് വെളിപ്പെടുത്തി.
അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ പരിശോധനയിൽ അഭിനന്ദന്‍റെ വാരിയെല്ലിന് നേരിയ പരിക്കുണ്ടെന്നാണ് വിവരം. എന്നാൽ ഈ പരുക്ക് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അഭിനന്ദൻ വർധമാന് ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി 26-ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയിലാണ് അഭിനന്ദന്‍റെ മിഗ് 21 വിമാനം തകര്‍ന്ന് പാക് അധീന കശ്മീരിൽ പതിച്ചത്. വിമാനത്തിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പറന്നിറങ്ങിയ അഭിനന്ദനെ പാക് അധീന കശ്മീരിലെ നാട്ടുകാർ പിടികൂടി മർദ്ദിച്ചിരുന്നു. വാരിയെല്ലിന് പരിക്ക് പറ്റിയത് അവിടെ നിന്നാകാനാണ് സാധ്യത.പിന്നീട് പാകിസ്ഥാൻ പട്ടാളം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.