ന്യൂഡല്‍ഹി: ഇന്ത്യ സാമ്പത്തിക വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ നടത്തുന്ന നിരന്തര പരിഷ്‌കാരങ്ങള്‍ വഴി ലക്ഷ്യം നേടിയെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ ശക്തമാക്കിയിരിക്കുകയാണെന്നും അതേസമയം സമ്പദ്‌വളര്‍ച്ചയെ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വശത്ത് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുകയും മറുവശത്ത് സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുകയും വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരി വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരുന്നുവെന്നും എന്നാല്‍ ലോക്ക് ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കുന്നതോടെ സാമ്പത്തിക രംഗം ഉണരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദൃഡനിശ്ചയം,അംഗീകാരം,നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍,നൂതന വിദ്യകള്‍ എന്നീ കാര്യങ്ങള്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് ആവശ്യമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മുന്നോട്ടുള്ള നടപടികള്‍ ആസൂത്രിതവും,പരസ്‌പര ബന്ധിതവും,ഭാവിയെ കണ്ടുള്ള പ്രവര്‍ത്തനങ്ങളുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടാം തവണ അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. വ്യാവസായിക സംഘടനയായ സിഐഐ ഇന്ത്യയുടെ വികസനത്തിന് കരുത്തു വര്‍ധിപ്പിക്കുന്നതിനായി വ്യാവസായിക പങ്കാളിത്തം ഉറപ്പു വരുത്തുകയും ഉപദേശക,കണ്‍സള്‍ട്ടീവ് പ്രകൃയയിലൂടെ സര്‍ക്കാറിനും സിവില്‍ സമൂഹത്തിനും സഹായകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സംഘടന 2020ഓടെ 125ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.