ന്യൂഡൽഹി: ഇന്ത്യ അടുത്ത വർഷം 300 ദശലക്ഷം റഷ്യൻ സ്‌പുട്‌നിക് വി കൊവിഡ് വാക്‌സിൻ ഉൽപാദിപ്പിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് (ആർഡിഐഎഫ്) മേധാവി കിറിൽ ദിമിത്രീവ്. ഇതിനായി രാജ്യത്തെ നാല് വൻകിട നിർമാതാക്കളുമായി തങ്ങൾ കരാറുണ്ടാക്കിയതായും 2021ൽ 300 ദശലക്ഷമോ അതിലധികമോ വാക്‌സിൻ ഉൽപാദിപ്പിക്കുമെന്നും ഒരു വാർത്താമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിറിൽ ദിമിത്രീവ് അറിയിച്ചു.
ഹ്യൂമൻ അഡിനോവൈറസ് അടിസ്ഥാനമാക്കിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തതെന്നും റഷ്യൻ സ്‌പുട്‌നിക് വി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പുട്‌നിക് വിയുടെ ഉൽപാദനം ഇതിനോടകം തന്നെ കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ ആരംഭിച്ചതായും കിറിൽ ദിമിത്രീവ് കൂട്ടിച്ചേർത്തു. ലോകത്ത് ആദ്യമായി സ്പുട്നിക് വി കൊവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്‌ത രാജ്യമാണ് റഷ്യ.