ഭൂവനേശ്വർ: 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യത്തിലെത്താൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിൻ്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പരീക്ഷണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡവലപ്‌മെൻ്റ് ഓര്‍ഗനൈസേഷൻ്റെ പിജെ-10 പ്രൊജക്‌ടിന് കീഴിലാണ്. തദ്ദേശീയമായ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. ഇത് രണ്ടാം തവണയാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിൻ്റെ വിപുലീകരിച്ച പതിപ്പിൻ്റെ പരീക്ഷണം നടത്തുന്നത്. അന്തർവാഹിനികൾ, കപ്പലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന റാംജെറ്റ് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
ലക്ഷ്യത്തിൻ്റെ കൃത്യതയിലും ശക്തിയിലും ഒന്നാമതാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ. പരീക്ഷണം വിജയകരമാകാൻ പ്രയത്നിച്ച ശാസ്‌ത്രജ്ഞരെ ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ.ജി സതീഷ് റെഡി അഭിനന്ദിച്ചു. റഷ്യയുടെ ഡി.ആർ.ഡി.ഒയും ഫെഡറൽ സ്റ്റേറ്റ് യൂണിറ്ററി എൻ്റർപ്രൈസ് എൻ.പി.ഒ മഷിനോസ്ട്രോയീനിയയും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചത്.