ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് രാജ്യത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം സ്വന്തമായി ബഹിരാകാശ നിലയമുള്ള രാജ്യമാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. രണ്ടായിരത്തി മുപ്പതോടെ ബഹിരാകാശ നിലയം യാഥാർത്ഥ്യമാക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചെയർമാൻ ഡോ. കെ ശിവൻ വ്യക്തമാക്കി. ഗഗൻയാൻ ദൗത്യത്തിന്‍റെ തുടർച്ചയായാണ് പദ്ധതി ആരംഭിക്കുക. മറ്റ് രാജ്യങ്ങളുടെ സഹകരണം പദ്ധതിയിൽ ഉണ്ടാകില്ലെന്നും ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി. ബഹിരാകാശത്ത് 15 മുതൽ 20 ദിവസം വരെ യാത്രികരെ നിലനിർത്താൻ സാധ്യമാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ഉദ്ദേശം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ ഗഗൻയാൻ ദൗത്യം പൂർത്തീകരിച്ചതിന് ശേഷമേ വെളിപ്പെടുത്താനാകൂവെന്നും ഡോ. കെ ശിവൻ പറഞ്ഞു. സൂക്ഷ്മതരംഗ പരീക്ഷണങ്ങൾ നടത്താനും നിലയം ഉപയോഗപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനും ഐഎസ്ആര്‍ഒ ഒരുങ്ങുന്നുണ്ട്. രണ്ടോ മൂന്നോ പേരായിരിക്കും പദ്ധതിയില്‍ ഉണ്ടാകുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തെരഞ്ഞെടുത്ത് ഇന്ത്യയില്‍ തന്നെ പരിശീലനം നല്‍കും.