ന്യൂഡല്‍ഹി: കൊവിഡ് മുക്തരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 42 ലക്ഷം കവിഞ്ഞു. കൊവിഡ് ബാധ കണ്ടെത്തുന്നതിന് സർക്കാർ സമയബന്ധിതമായി സ്വീകരിച്ച നടപടികൾ ഈ ആഗോള നേട്ടത്തിന് കാരണമായതായും മന്ത്രാലയം വ്യക്തമാക്കി.
ഉയർന്ന പരിശോധന, നേരത്തെയുള്ള നിരീക്ഷണവും ട്രാക്കിംഗും ഒപ്പം ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരിചരണവും വഴി മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള കേന്ദ്രീകൃതവും ഫലപ്രദവുമായ നടപടികൾ ഈ ആഗോള നേട്ടത്തിന് കാരണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,337 പുതിയ കേസുകളും 1,247 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബർ 18 വരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം 6,24,54,254 ആണ്. സെപ്റ്റംബർ 18ന് പരീക്ഷിച്ച സാമ്പിളുകളുടെ എണ്ണം 8,81,911 ആണ്.