ന്യൂഡൽഹി: ആഗോള കൊവിഡ് -19 മുക്തി നിരക്കിൽ അമേരിക്കയെ മറികടന്ന് ഇന്ത്യ. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ 42 ലക്ഷത്തിലധികം (42,08,431) കൊവിഡ് ബാധിതർ രോഗമുക്തി നേടി ആശുപത്രി വിട്ടു. റാപിഡ് ആന്‍റിജൻ പരിശോധന, കൃത്യമായ നിരീക്ഷണം, ട്രാക്കിങ് കൂടാതെ ഉയർന്ന നിലവാരമുള്ള ക്ലിനിക്കൽ പരിചരണം എന്നീ നടപടികളാണ് ആഗോള നേട്ടത്തിന് കാരണമായി അധികൃതർ പറയുന്നത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണുള്ളത്. മഹാരാഷ്ട്രയിൽ മാത്രം 23 ശതമാനം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ടെടുത്ത ആകെ കേസുകളിൽ 90 ശതമാനവും 15 സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ആണ്.
റെംഡെസെവിർ, പ്ലാസ്മ തെറാപ്പി, ടോസിലിസുമാബ് തുടങ്ങിയ ചികിത്സകളുടെ യുക്തിസഹമായ ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കോവിഡ് രോഗികളിൽ സുഖം പ്രാപിക്കാൻ സഹായിക്കുന്ന ഓക്സിജൻ ഉപയോഗം, സ്റ്റിറോയിഡുകൾ, ആന്‍റി കോഗ്യുലന്‍റുകൾ എന്നിവ പോലുള്ള നടപടികളും രാജ്യത്ത് സ്വീകരിച്ചിട്ടുണ്ട്.
ഐസിയുകളിലെ ഡോക്ടർമാരുടെ ക്ലിനിക്കൽ മാനേജുമെന്‍റ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ സേവനം 'നാഷണൽ ഇ-ഐസിയു ഓൺ കോവിഡ് -19 മാനേജ്മെന്‍റ്', സെന്‍റർസ് ഓഫ് എക്സലൻസ് എന്നിവയിലൂടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു.