ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ വിദേശ-പ്രതിരോധ മന്ത്രാലയ സംഭാഷണത്തിന്‍റെ ഉദ്ഘാടന യോഗം ഇന്ന് നടക്കും. ഇരു രാജ്യങ്ങളുടെ പ്രതിരോധവും സുരക്ഷയും ഉയർത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിക്കും. ജപ്പാന്‍ വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടെഗിയും പ്രതിരോധമന്ത്രി ടാരോ കൊനോയും ജാപ്പനീസ് ടീമിനെ നയിക്കും. ജാപ്പനീസ് മന്ത്രിമാർ ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വൈകുന്നേരം എസ്. ജയ്‌ശങ്കറുമായും കൂടികാഴ്ച നടത്തും.
ഒക്ടോബറിൽ ജപ്പാനിൽ നടന്ന പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ച് മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും എടുത്ത തീരുമാനത്തെ തുടർന്നാണ് കൂടിക്കാഴ്ച നടക്കുന്നത്. വിദേശ-പ്രതിരോധ യോഗം ഇരുപക്ഷത്തിനും സ്ഥിതി അവലോകനം ചെയ്യാനും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കൂടുതൽ കാഴ്ചപ്പാടുകൾ കൈമാറാനും അവസരമൊരുക്കും. 'ഇന്ത്യ-ജപ്പാൻ സ്‌പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർട്‌നര്‍ഷിപ്' കൂടുതൽ ഊർജിതമാക്കുന്നതിനും ഇത് സഹായകമാകും. ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ് പോളിസി', ജപ്പാനിലെ 'ഫ്രീ ആൻഡ് ഓപ്പൺ ഇന്തോ-പസഫിക് വിഷൻ' എന്നിവയ്ക്ക് കീഴിൽ സമാധാനം, ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി സാക്ഷാത്കരിക്കുക, പുരോഗതി എന്നിവ കൈവരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.