ന്യൂഡല്‍ഹി: കൊവിഡ് 19 നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും മറ്റ് രാജ്യങ്ങളേക്കാൾ ഇന്ത്യ മികച്ച നിലയിലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡ് ബാധിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം കുറവാണ്.
ഇന്ത്യയില്‍ നാല് ദിവസം കൊണ്ട് 750 മുതല്‍ 1500 കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോൾ അമേരിക്കയിലും ഇറ്റലിയിലും രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയും കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത് . ബ്രിട്ടൻ, ഫ്രാൻസ്, ജര്‍മനി എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തിനുള്ളിലും സ്‌പെയിനില്‍ ഒരു ദിവസം കൊണ്ടും കാനഡയില്‍ നാല് ദിവസവും കൊണ്ടും ഇത്രയും കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അഞ്ച് ദിവസത്തിനുള്ളിലാണ് ഇന്ത്യയില്‍ കൊവിഡ് 19 കേസുകളുടെ എണ്ണം 3000ൽ നിന്ന് 6000 ആയി ഉയർന്നത്. എന്നാല്‍ അമേരിക്കയില്‍ രണ്ട് ദിവസത്തിനുള്ളിലാണ് ഇത്രയധികം കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
ഇന്ത്യയില്‍ കൊവിഡ് പോസിറ്റീവ് കേസുകൾ 10,000 കടന്നപ്പോഴേക്കും 217554 പേരില്‍ പരിശോധന നടത്തിയിരുന്നു. അതേസമയം അമേരിക്കയില്‍ 139878, യുകെയില്‍ 113777 , ഇറ്റലിയില്‍ 731554 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഇന്ത്യയിലെ കണക്കുകൾ മറ്റ് രോഗബാധിത രാജ്യങ്ങളേക്കാൾ കുറവാണ്.