ശ്രീനഗർ: ഇന്ത്യയും ലോകവും കൊവിഡിനെതിരെ പോരാടുമ്പോൾ ഭീകരത തുടരുന്ന പാകിസ്ഥാനെതിരെ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവാനെ പ്രതികരിച്ചു. സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുകയും മരുന്നുകൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പാകിസ്ഥാൻ തീവ്രവാദം മാത്രമാണ് കയറ്റുമതി ചെയ്യുന്നതെന്നും ഇത്തരമൊരു സന്ദർഭത്തിൽ പാകിസ്ഥാന്‍റെ നടപടികൾ ശക്തമായി എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം സംസാരിച്ചത്. അടുത്ത ദിവസങ്ങളിൽ പാക്കിസ്ഥാൻ നിരവധി തവണ വെടിനിർത്തൽ കരാർ ലംഘിച്ചിട്ടുണ്ട്. പാകിസ്ഥാൻ അധിനിവേശ കശ്‌മീരിലെ ദുധ്‌നിയാൽ പ്രദേശത്ത് നടന്ന ആക്രമണത്തിൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏപ്രിൽ ഒന്നിന് കേരൻ മേഖലയിൽ നടന്ന ആക്രമണത്തിൽ നുഴഞ്ഞുകയറിയ അഞ്ച് തീവ്രവാദികളെയും ഇന്ത്യൻ സൈന്യം വധിച്ചു.