ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി. ഡിസംബർ 31 വരെയാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ നവംബർ 30വരെയായിരുന്നു സർവീസുകൾക്ക് വിലക്കുണ്ടായിരുന്നത്.
അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സർവീസുകൾ തുടരുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഉത്തരവ് അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല. വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന വന്ദേഭാരത് ദൗത്യം ഉൾപ്പെടെയുള്ള ഡിജിസിഎയുടെ പ്രത്യേക അനുമതിയുള്ള സർവീസുകളെയും വിലക്ക് ബാധിക്കില്ല.
രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25 മുതലാണ് രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. പിന്നീട് വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് ദൗത്യം ആരംഭിച്ചിരുന്നു. മെയ് 25ന് ആഭ്യന്തര സര്‍വീസിന് അനുമതി നല്‍കുകയും ചെയ്തു. നിലവിൽ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.
യുഎസ്, യുകെ, കെനിയ, ഭൂട്ടാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെയാണിത്. കരാറിലേർപ്പെടുന്ന ഇരു രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി വിമാന സർവീസുകൾ നടത്താൻ തടസമില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,66,706 ആയി ഉയർന്നിരിക്കുകയാണ്. 4,52,344 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്.