ന്യൂഡൽഹി: ഊർജമേഖലയിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയും ഡെൻമാർക്കും ധാരണാപത്രം ഒപ്പിട്ടു. പ്രത്യേക വിവരങ്ങൾ തയ്യാറാക്കാൻ സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ ഊര്‍ജ സെക്രട്ടറി സഞ്ജീവ് നന്ദൻ സഹായ്, ഡെൻമാർക്ക് അംബാസഡർ ഫ്രെഡി സ്വൈൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ഊർജമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സഹകരണം വര്‍ധിപ്പിക്കുന്നതിനായാണ് വൈദ്യുതി-ഊര്‍ജ മന്ത്രാലയങ്ങൾ ധാരണാപത്രം ഒപ്പിട്ടത്. ദീർഘകാല ഊർജ ആസൂത്രണം, ഗ്രിഡ് കോഡുകളുടെ ഏകീകരണം, പുനരുപയോഗ ഊർജ ഉൽപാദനം പോലുള്ള മേഖലകളിലെ സഹകരണത്തിന് കരാർ സഹായിക്കും. ഈ മേഖലകളില്‍ ഡെൻമാർക്കുമായുള്ള സഹകരണത്തിന്‍റെ ഫലമായി ഇന്ത്യൻ വൈദ്യുത വിപണി പ്രയോജനപ്പെടുത്തും. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ധാരണാപത്രത്തിന് കീഴിൽ ഒരു സംയുക്ത വർക്കിങ് ഗ്രൂപ്പ് (ജെഡബ്ല്യുജി) സ്ഥാപിക്കും. ഇതില്‍ ഇരുരാജ്യങ്ങളിലെയും ജോയിന്‍റ് സെക്രട്ടറി ലെവൽ ഉദ്യോഗസ്ഥര്‍ അധ്യക്ഷത വഹിക്കുകയും ഒരു സ്റ്റിയറിങ് കമ്മിറ്റിക്ക് റിപ്പോർട്ട് നൽകുകയും ചെയ്യും. കരാറിലൂടെ ഇരുരാജ്യങ്ങളിലെയും തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ഊർജമേഖലയിൽ തന്ത്രപരവും സാങ്കേതികവുമായ സഹകരണം പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.