ന്യൂഡൽഹി: ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ അണക്കെട്ട് നിർമാണത്തിന് പാകിസ്ഥാൻ കരാർ നൽകിയതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഡയമർ-ഭാഷാ അണക്കെട്ടിന്‍റെ നിർമാണത്തിനായി ചൈനീസ് സ്ഥാപനവും പാകിസ്ഥാൻ സൈന്യത്തിന്‍റെ വാണിജ്യ വിഭാഗവുമായി 442 ബില്യൺ രൂപയുടെ കരാർ ഒപ്പിട്ടു.
ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താൻ പാകിസ്ഥാന്‍റെ പരമോന്നത കോടതി അനുമതി നൽകിയതിനെത്തുടർന്ന്, “നിയമവിരുദ്ധവും നിർബന്ധിതവുമായ” അധിനിവേശത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഭൗതിക മാറ്റം വരുത്താനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങൾക്കെതിരെ കഴിഞ്ഞ ആഴ്ച ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോടതി വിധിക്കെതിരെ എതിർപ്പ് അറിയിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഗിൽജിത്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി.