ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,51,767 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,387 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇന്ന് കൊവിഡ് ബാധിച്ച് 170 രോഗികൾ മരിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്താകമാനം 4,337 പേരാണ് മഹാമാരിക്ക് കീഴടങ്ങിയത്. നിലവിൽ ഇന്ത്യയിൽ 83,004 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ 64,426 രോഗികൾ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിൽ രോഗമുക്തി നേടുന്നവരുടെ നിരക്ക് ഇതോടെ 42.4 ശതമാനമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 54,758 പോസിറ്റീവ് കേസുകളും 1,792 മരണങ്ങളും റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനം. തമിഴ്‌നാട്ടിൽ 817 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 18,545 ആയി. ഇന്ന് തമിഴ്‌നാട്ടിൽ ആറ് വൈറസ് ബാധിതരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 133 ആയി. പുതുതായി 567 ആളുകൾ സുഖം പ്രാപിച്ചു. ഇതുവരെ 9,909 പേർ തമിഴ്‌നാട്ടിൽ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യതലസ്ഥാനത്ത് 792 കൊവിഡ് കേസുകൾ കണ്ടെത്തി. ഇതോടെ ഡൽഹിയിലെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 15,257 ആയി. ഇന്ന് 310 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ 7,264 ആളുകൾ ഡൽഹിയിൽ കൊവിഡ് മുക്തി നേടി.