ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 90,802 പേർക്ക്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ബ്രസീലിനെ മറികടന്നാണ് ഇന്ത്യ കൊവിഡ് കണക്കുകളിൽ രണ്ടാമത് എത്തിയത്. ആദ്യ സ്ഥാനം അമേരിക്കയ്ക്കാണ്.
രാജ്യത്ത് 1016 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 71,642 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,04,614 ആയി. ഇതിൽ 8,82,542 പേർ നിലവിൽ ചികിത്സയിലാണ്. 32,50,429 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 23,350 പേർക്കാണ്. ഇതോടെ സംസ്ഥാനത്ത് മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒൻപത് ലക്ഷം കടന്നു. സെപ്റ്റംബർ ആറ് വരെ രാജ്യത്ത് പരിശോധിച്ചത് 4,95,51,507 സാമ്പിളുകളാണ്. ഇതിൽ ഇന്നലെ മാത്രം പരിശോധിച്ചത് 7,20,362 സാമ്പിളുകളാണെന്നും ഐസിഎംആർ അറിയിച്ചു.