ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോൺഗ്രസ് അധ്യക്ഷയുടെ ആരോപണം. പക്വമായ നയതന്ത്ര തീരുമാനങ്ങളും നിര്‍ണായകമായ നേതൃത്വവും ഇന്ത്യയുടെ പ്രാദേശിക സമഗ്രത സംരക്ഷിക്കുന്നതിനുള്ള സർക്കാർ നടപടിയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ ഗാന്ധി യോഗത്തില്‍ പറഞ്ഞു. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച കേണല്‍ ബി. സന്തോഷ് ബാബു ഉള്‍പ്പെടെ 20 ജവാന്മാര്‍ക്കും ആദരാഞ്‌ജലി അര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചത്.
കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പാവങ്ങളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തണമെന്നും രാജ്യത്തെ ചെറുകിട- ഇടത്തരം വ്യവസായികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. ആഗോളതലത്തില്‍ ക്രൂഡോയില്‍ വില കുറയുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില ഉയരുകയാണെന്നും ഇത് ദുരിതത്തിലായ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്ത് തുടരുന്ന കൊവിഡ് വ്യാപനവും അത് ഉയരുന്ന പ്രതിസന്ധിയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു.