ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള സേനാ പിന്‍മാറ്റത്തിനായുള്ള കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ തീരുമാനം. അതിര്‍ത്തിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ഏര്‍പ്പെട്ടിട്ടുള്ള കരാറുകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് തീരുമാനം. ഇതിനായി സംയുക്ത സംഘം തുടര്‍ച്ചയായി സാഹചര്യങ്ങള്‍ വിലയിരുത്തും. ഇന്ത്യ ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച തുടരാനും യോഗം തീരുമാനിച്ചു. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ആറാം വട്ട കൂടിക്കാഴ്ച കിഴക്കന്‍ ലഡാക്കിലെ മോള്‍ഡോയില്‍ ആണ് നടന്നത്. ചീഫ് ലഫ്. ജനറൽ പിജികെ മേനോനും വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയും ചർച്ചയുടെ ഭാഗമായി.
സേനാ പിന്മാറ്റത്തിനായി സംയുക്ത സംഘം തുടർച്ചയായി സാഹചര്യങ്ങൾ വിലയിരുത്തും. ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാന ഇടങ്ങളിൽ അധിപത്യം നേടിയ മേഖലകളിൽ ഇന്ത്യ തുടരും. ആറിടങ്ങളിൽ നിന്ന് ഇന്ത്യ അടിയന്തരമായി പിന്മാറണമെന്ന ചൈനീസ് നിർദേശം ഇന്ത്യ ചർച്ചയിൽ അംഗീകരിച്ചില്ല. മലനിരകളിൽ മൊത്തം 20ലേറെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഇപ്പോൾ ഇന്ത്യ മേൽക്കൈ നേടിയിട്ടുണ്ട്.