ന്യൂഡൽഹി: എംഎൽഎമാരെ ബിജെപി ബന്ദികളാക്കിയിരിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ ആരോപണങ്ങൾ തള്ളി സച്ചിൻ പൈലറ്റ് പക്ഷം. കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്താനും ദുരിതങ്ങൾ വിവരിക്കാനുമാണ് തങ്ങൾ ഡൽഹിയിൽ തമ്പടിച്ചിരിക്കുന്നതെന്നും സച്ചിൻ പക്ഷം പറഞ്ഞു.
സുരേഷ് മോദി, മുരാരി ലാൽ മീന, വേദപ്രകാശ് സോളങ്കി തുടങ്ങിയ എംഎൽഎമാർ ഗെലോട്ട് ചുമത്തിയ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞു.
ഗെലോട്ടിന്‍റെ ആരോപണങ്ങൾ ഞങ്ങളെ വേദനിപ്പിച്ചു. അദ്ദേഹം ഞങ്ങളെ അവഗണിച്ചതിൽ ഞങ്ങൾ ദുഃഖിതരാണ്. എംഎൽഎമാർ പാർട്ടി ഹൈക്കമാൻഡിനെ കാണാനും അവരുടെ ദുരിതങ്ങൾ വിവരിക്കാനുമാണ് ഡൽഹിയിൽ എത്തിയതെന്ന് മീന പറഞ്ഞു.
ബിജെപി തങ്ങളെ ബന്ദികളാക്കിയതായുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. ഞങ്ങൾ അവരുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ സത്യമല്ലെന്നും അവർ പറഞ്ഞു.
ഗെലോട്ടിന്‍റെ ഭരണ ശൈലിയിൽ അതൃപ്തിയുണ്ടെന്ന് സുരേഷ് മോദി പറഞ്ഞു. എംഎൽഎമാർ ഇപ്പോഴും പൈലറ്റിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും സോളങ്കി ആവർത്തിച്ചു.
ജയ്പൂരിൽ ഇരിക്കുന്ന ചിലർ ഞങ്ങൾ ബന്ദികളാണെന്ന് ആരോപിക്കുന്നു. എന്നാൽ ഞങ്ങൾ എല്ലാവരും സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിലാണ് ഉള്ളത്. ഞങ്ങൾ സച്ചിൻ പൈലറ്റിനൊപ്പം ഉണ്ടെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സച്ചിൻ പൈലറ്റ് പക്ഷ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ഹരിയാനയിൽ ബന്ദികളാക്കിയിരിക്കുകയാണെന്ന് ഗെലോട്ട് നേരത്തെ ആരോപിച്ചിരുന്നു.