ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളിന്‍റെ ഉപദേശം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹ റാവു പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജ്‌റാളിന്‍റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടക്കൊല നടക്കുന്ന സാഹചര്യത്തില്‍ ഗുജ്‌റാൾ നരസിംഹ റാവുവിനെ സന്ദര്‍ശിച്ചിരുന്നു. സ്ഥിതി ഗുരുതരമാണെന്നും എത്രയും വേഗം സൈനിക സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നരസിംഹ റാവുവിനോട് ആവശ്യപ്പെട്ടു. ആ ഉപദേശം ശ്രദ്ധിച്ചിരുന്നെങ്കിൽ 1984 ൽ നടന്ന കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
അടിയന്തരാവസ്ഥക്ക് ശേഷം ഗുജ്‌റാളുമായുള്ള ബന്ധം വളര്‍ന്നതിനെ കുറിച്ചും മന്‍മോഹന്‍ സിങ് പറഞ്ഞു. അന്ന് അദ്ദേഹം വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു. അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം ചില പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ആസൂത്രണ കമ്മിഷനിലേക്ക് മാറ്റിയപ്പോൾ ഞാൻ ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു. അതിനുശേഷം ഞങ്ങളുടെ ബന്ധം വളർന്നുവെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ഗുജ്‌റാൾ, തന്‍റെ 93ാം ജന്മദിനത്തിന് നാല് ദിവസം മുമ്പ്, 2012 നവംബർ 30നായിരുന്നു വിടവാങ്ങിയത്.