മുംബൈ: പ്രകോപിതരായാൽ ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ ചോദ്യം ചെയ്ത് ശിവസേനയുടെ മുഖപത്രമായ 'സാമ്ന'. ചൈനീസ് സൈന്യം 20 ഇന്ത്യൻ ജവാന്മാരുടെ ജീവനെടുത്തത് പ്രകോപനമല്ലാതെ എന്തെന്നാണ് ശിവസേനയുടെ ചോദ്യം.
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ നേരിട്ട പരാജയത്തിന് ജവഹർലാൽ നെഹ്‌റുവിനെ ആക്രോശിക്കുന്നവർ ഇപ്പോൾ ആത്മപരിശോധന നടത്തണമെന്ന് ശിവസേന പറയുന്നു. ചൈനീസ് സൈന്യമെടുത്ത 20 ജവാന്മാരുടെ ജീവൻ ഇന്ത്യയുടെ ആത്മാഭിമാനത്തിനും പരമാധികാരത്തിനും നേരിട്ട പ്രകോപനവും ആക്രമണവുമാണെന്നും മുഖപത്രം പറയുന്നു.
20 സൈനികരുടെ ശവപ്പെട്ടികൾ അഭിമാനിക്കേണ്ട കാര്യമല്ലെന്നും സാമ്ന ചൂണ്ടിക്കാട്ടി. അന്നും ഇന്നും തിരിച്ചടി നൽകുന്നതിനെ കുറിച്ച് വാചാലരാകും. എന്നാൽ ഇന്ത്യക്ക് പാകിസ്ഥാനെ മാത്രം ഭീഷണിപ്പെടുത്താനെ കഴിയൂ. 1962 ലെ പാളിച്ചകളിൽ നിന്ന് ഒന്നും തന്നെ രാജ്യം പഠിച്ചിട്ടില്ലെന്നും സാമ്ന കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യ-ചൈന തർക്കങ്ങൾ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. 1971 ൽ യുഎസ്എ പാകിസ്ഥാനുമായി ചേർന്നപ്പോൾ ഇന്ത്യയുടെ സഹായത്തിനായി റഷ്യയാണ് നാവിക സേനയെ അയച്ചത്. ഇത്തരത്തിൽ മോദിയുടെ സുഹൃത്ത് ട്രംപ് ഇന്ത്യയെ സഹായിക്കുമോ?, സാമ്ന ചോദിച്ചു.
തീർച്ചയായും ചൈനക്ക് മേൽ ഇന്ത്യക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനാകും. ചൈനീസ് സ്ഥാപനങ്ങൾ രാജ്യമെമ്പാടും വ്യാപിച്ച് കിടക്കുകയാണ് എന്നിരിക്കെ ചൈനീസ് സാധനങ്ങൾ ബഹിഷ്‌കരിക്കണം.
ഇത്തരത്തിൽ ചൈനീസ് സ്ഥാപനവുമായി മഹാരാഷ്ട്ര കരാർ റദ്ദാക്കിയാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ആ കമ്പനിയുമായി കരാർ ഒപ്പിടാനാകുമെന്ന അവസ്ഥ സംജാതമാകും. അതിനാൽ ബഹിഷ്കരണം ഏർപെടുത്തുമ്പോൾ കേന്ദ്ര സർക്കാരിന് ഏകീകൃതമായ നയം ഉണ്ടായിരിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആറ് ലക്ഷം കോടി രൂപയാണ്. ഇരുവശത്തും നിക്ഷേപവും തൊഴിലുമുണ്ട്. എങ്കിലും ചൈനയാണ് കൂടുതൽ നേട്ടമുണ്ടാക്കുന്നത്. അമേരിക്ക കാരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതെന്നും സേന മുഖപത്രം പറഞ്ഞു.
ഇന്ത്യ വിരുദ്ധ നിലപാട് ചൈനക്കും പാകിസ്ഥാനും ഉണ്ടെന്നതിനാൽ യുദ്ധമുണ്ടെങ്കിൽ രണ്ട് രാജ്യങ്ങളുമായും പോരാടേണ്ടി വരാം. ശക്തമായ പ്രതിരോധ ശേഷി ഉണ്ടെങ്കിലും ഒരേസമയം രണ്ട് മുന്നണികൾക്കെതിരെ പോരാടാൻ നമുക്ക് കഴിയില്ലെന്നും മുഖപത്രം ഓർമപ്പെടുത്തി.