ലക്‌നൗ: പാകിസ്ഥാനിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും അഭയം കൊടുക്കുക എന്നത് ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഢി. പാകിസ്ഥാനിലെ മാത്രമല്ല, മറ്റ മുസ്‌ലിം അയല്‍ രാജ്യങ്ങളായ അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്കും അഭയം നല്‍കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം അവര്‍ എവിടേക്ക് പോകുമെന്ന് കിഷൻ റെഡ്ഢി ചോദിക്കുന്നു. ഇന്ത്യയിലേക്ക് അല്ലെങ്കില്‍ പിന്നെ ഇറ്റലിയിലേക്കാണോ അവര്‍ പോകേണ്ടതെന്നും കേന്ദ്രമന്ത്രി ചോദിക്കുന്നു. ദരിദ്രരായതിനാൽ ഹിന്ദുക്കളെയോ സിഖുകാരെയോ ഇറ്റലി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും ജൈനമതക്കാരും നിരന്തരം പീഡനത്തിനിരയാവുന്നുണ്ട്. അവിടത്തെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ 30 ശതമാനത്തില്‍ നിന്ന് കുറഞ്ഞതായും ജി.കിഷൻ റെഡി പറഞ്ഞു. അതിനാല്‍ അവിടുത്തെ ന്യൂനപക്ഷങ്ങൾക്ക് അഭയവും പൗരത്വവും നല്‍കേണ്ടത് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമ ഭേദഗതി കാരണം ജിഎസ്‌ടി വര്‍ധിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ അപക്വമായ പ്രസ്‌താവന രാഹുലിന് സിഎഎയെയും ജിഎസ്ടിയെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തതാണ് സൂചിപ്പിക്കുന്നതെന്നും കിഷൻ റെഡ്ഢി ആരോപിച്ചു. സിഎഎയും ജിഎസ്‌ടിയും തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി വിഷയത്തില്‍ ട്യൂഷന് പോകുന്നത് നന്നായിരിക്കുമെന്ന് പറയാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയില്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രതിപക്ഷം തെറ്റിധാരണയുണ്ടാക്കുന്നു. ഇതിലൂടെ പ്രതിപക്ഷം വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് പകരം ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഢി ആരോപിച്ചു.